Thursday, September 5, 2019

ക്രിസ്തുശിഷ്യന്മാർ ക്രിസ്തുവിനോടൊപ്പം ഭൂമിയിൽ ജീവിച്ചിരുന്നപ്പോൾ രക്ഷിക്കപ്പെട്ടിരുന്നുവോ?


  • ക്രിസ്തുശിഷ്യന്മാർ ക്രിസ്തുവിനോടൊപ്പം ഭൂമിയിൽ ജീവിച്ചിരുന്നപ്പോൾ അവർ രക്ഷിക്കപ്പെട്ടിരുന്നുവോ? 
  • രക്ഷിക്കപ്പെട്ടുയെങ്കിൽ എപ്പോൾ? 
  • എങ്ങനെ? 
  • എവിടെവെച്ചു?
ചോദ്യം കേൾക്കുമ്പോൾ പ്രത്യക്ഷത്തിൽ ബാലിശമാണെന്നു തോന്നിപ്പോകും. അങ്ങനെ ആർക്കെങ്കിലും തോന്നുന്നുണ്ടെങ്കിൽ അതു സ്വാഭാവികം.
റോമാലേഖനം 10:9ൽ ദൈവീക രക്ഷാ പദ്ധതിയുടെ വ്യവസ്ഥ എന്തെന്നു കൃത്യമായി പറയുന്നുണ്ടു. "യേശുവിനെ കർത്താവു എന്നു വായ് കൊണ്ടു ഏറ്റുപറകയും ദൈവം അവനെ മരിച്ചവരിൽനിന്നു ഉയിർത്തെഴുന്നേല്പിച്ചു എന്നു ഹൃദയംകൊണ്ടു വിശ്വസിക്കയും ചെയ്താൽ നീ രക്ഷിക്കപ്പെടും." ഈ വാക്യത്തിന്റെ ആദ്യഭാഗത്തു പറയുന്ന വ്യവസ്ഥപ്രകാരം അതായതു യേശു "ദൈവത്തിന്റെ ക്രിസ്തു" ആണെന്നു ശിഷ്യന്മാർക്കു വെളിപ്പെടുകയും അവർ അതു അംഗീകരിക്കുകയും ചെയ്തിരുന്നു (ലൂക്കോസ്‌ 9:20). എന്നാൽ ക്രിസ്തു ആരാണെന്നുള്ള വെളിപ്പാടോ അറിവോ ലഭിക്കുന്നതുകൊണ്ടു മാത്രം ഒരുവന്റെ രക്ഷ പൂർണ്ണമാകുന്നില്ല. പ്രസ്തുത വാക്യത്തിന്റെ രണ്ടാം ഭാഗവുംകൂടി ജീവിതത്തിൽ പാലിക്കപ്പെടുമ്പോൾ ആകുന്നു വീണ്ടുംജനനം ഒരുവ്യക്തിയിൽ സമ്പൂർണ്ണമാകുന്നതു. അതായതു, "യേശുവിനെ മരിച്ചവരിൽനിന്നു ഉയിർത്തെഴുന്നേല്പിച്ചു എന്നു ഹൃദയംകൊണ്ടു വിശ്വസിക്കയും ചെയ്താൽ നീ രക്ഷിക്കപ്പെടും" എന്നുള്ള വ്യവസ്ഥയുംകൂടി പാലിച്ചിരിക്കണം. വീണ്ടുംജനനത്തിന്റെ രണ്ടാം ഭാഗം പാലിക്കപ്പെടുവാൻ ക്രിസ്തുശിഷ്യന്മാർക്കു, ക്രിസ്തു മരിച്ചു അടക്കപ്പെടുന്നതുവരെ കാത്തിരിക്കേണ്ടതായി വന്നു. ക്രിസ്തു മരിച്ചിട്ടു ഉയിർത്തെഴുന്നേൽക്കുമെന്നു താൻ തന്നെ ജീവിച്ചിരിക്കുമ്പോൾ പറഞ്ഞിട്ടുണ്ടെങ്കിലും അതു സത്യമാകുമെന്നു സ്വപ്നേനപോലും ചിന്തിക്കുവാൻ ശിഷ്യന്മാർക്കു കഴിയാതെപോയി. യോഹന്നാൻ അതേക്കുറിച്ചു പറയുന്നതു: "അവൻ മരിച്ചവരിൽനിന്നു ഉയിർത്തെഴുന്നേൽക്കേണ്ടതാകുന്നു എന്നുള്ള തിരുവെഴുത്തു അവർ അതുവരെ അറിഞ്ഞില്ല" എന്നാകുന്നു. (യോഹന്നാൻ 22:9). യേശുവിനെ അടക്കിയ അന്നു വൈകുന്നേരം എമ്മവുസ്സിലേക്കു യാത്രചെയ്ത രണ്ടു ശിഷ്യന്മാർക്കും ക്രിസ്തു ഉയിർത്തെഴുന്നേൽക്കുമെന്ന ചിന്ത തീരെ ഇല്ലായിരുന്നു. എന്നാൽ യേശു ഉയിർത്തെഴുന്നേറ്റശേഷം വാതിൽ അടച്ചിരിക്കെ ഒരു മുറിയിൽ തന്റെ ശിഷ്യന്മാർക്കു പ്രത്യക്ഷനായി. "ആഴ്ചവട്ടത്തിന്റെ ഒന്നാം നാൾ ആയ ആ ദിവസം, നേരംവൈകിയപ്പോൾ ശിഷ്യന്മാർ ഇരുന്ന സ്ഥലത്തു യെഹൂദന്മാരെ പേടിച്ചു വാതിൽ അടച്ചിരിക്കെ യേശു വന്നു നടുവിൽ നിന്നുകൊണ്ടു: നിങ്ങൾക്കു സമാധാനം എന്നു അവരോടു പറഞ്ഞു. ഇതു പറഞ്ഞിട്ടു അവൻ കയ്യും വിലാപ്പുറവും അവരെ കാണിച്ചു; കർത്താവിനെ കണ്ടിട്ടു ശിഷ്യന്മാർ സന്തോഷിച്ചു." ഇവിടെ പ്രത്യേകം ഒരു കാര്യം ശ്രദ്ധിക്കേണ്ടതുണ്ടു. "കർത്താവിനെ കണ്ടിട്ടു ശിഷ്യന്മാർ സന്തോഷിച്ചു". എന്തെന്നാൽ ദൈവം അവനെ മരിച്ചവരിൽനിന്നു ഉയിർത്തെഴുന്നേല്പിച്ചു എന്നു അവർ തങ്ങളുടെ ഹൃദയംകൊണ്ടു വിശ്വസിച്ച അനർഘ നിമിഷങ്ങളായിരുന്നു അതു. അതിനുശേഷം "അവൻ അവരുടെമേൽ ഊതി അവരോടു: പരിശുദ്ധാത്മാവിനെ കൈക്കൊൾവിൻ" എന്നു പറഞ്ഞു. തത്സമയത്തുതന്നെ ആത്മാവാകുന്ന കർത്താവു ശിഷ്യന്മാരുടെ ഉള്ളിലേക്കു പ്രവേശിച്ചു. ഇതു യോഹന്നാൻ 7:37-39 വരെയുള്ള വാക്യങ്ങളുടെ പ്രവചന നിവർത്തി ആകുന്നു. ഇവിടെ "എന്നിൽ വിശ്വസിക്കുന്നവന്റെ ഉള്ളിൽനിന്നു തിരുവെഴുത്തു പറയുന്നതുപോലെ ജീവജലത്തിന്റെ നദികൾ ഒഴുകും” എന്നു പറഞ്ഞശേഷം അടുത്ത വാക്യത്തിൽ "ജീവജലം" എന്നതു ക്രിസ്തുവിൽ വിശ്വസിക്കുവാനിരിക്കുന്നവർക്കു ലഭിപ്പാനുള്ള ആത്മാവിനെകുറിച്ചാണെന്നും, യേശു അന്നു തേജസ്കരിക്കപ്പെട്ടിട്ടില്ലായ്കയാൽ ആത്മാവു വന്നിട്ടില്ലായിരുന്നുയെന്നും പറയുന്നു. എന്നാൽ യേശു തേജസ്കരിക്കപ്പെട്ടു കഴിഞ്ഞപ്പോൾ അവൻ പ്രവചിച്ചതുപോലെതന്നെ തന്നിൽ വിശ്വസിക്കുന്നവരെ ജീവിപ്പിക്കുന്ന ആത്മാവായിതീർന്നു. ഇതാണു യോഹന്നാൻ 20:20ൽ സംഭവിച്ചതു. ശിഷ്യന്മാർ അന്നേ ദിവസം ഉയിർത്തെഴുന്നേറ്റവനായ ക്രിസ്തുവിനെ തങ്ങളുടെ സ്വന്തം കണ്ണുകൾകൊണ്ടു കണ്ടു അവനിൽ വിശ്വസിച്ചു. വിശ്വസിച്ചവരുടെ ഉള്ളിലേക്കു, അതായതു അവരുടെ ആത്മാവിലേക്കു തന്നെ ആത്മാവായിതീർന്ന കർത്താവു പ്രവേശിക്കുകയും ചെയ്തു. ക്രിസ്തുവിന്റെ മരണവും അടക്കവും ഉയിർത്തെഴുന്നേൽപ്പും ചരിത്രത്തിൽ ഒരിക്കലായി സംഭവിച്ചതുപോലെ ക്രിസ്തു തന്റെ ശിഷ്യന്മാരിലേക്കു ഊതിയതും ചരിത്രത്തിൽ ഒരിക്കലായി സംഭവിച്ച പ്രക്രിയ ആകുന്നു. എന്നാൽ തത്സമയം ദിദിമൊസ്‌ എന്ന തോമസ്‌ അവിടെ ഉണ്ടായിരുന്നില്ല. "ഞാൻ അവന്റെ കൈകളിൽ ആണിപ്പഴുതു കാണുകയും ആണിപ്പഴുതിൽ വിരൽ ഇടുകയും അവന്റെ വിലാപ്പുറത്തു കൈ ഇടുകയും ചെയ്തിട്ടല്ലാതെ വിശ്വസിക്കയില്ല" എന്നു പറഞ്ഞവനായ തോമസ്‌ യേശുവിനെ കണ്ട മാത്രയിൽ തന്നെ അവന്റെ കൈകളിലും വിലാപ്പുറത്തും വിരലും കയ്യും ഇട്ടു അവൻ ക്രിസ്തുതന്നെ എന്നു ഹൃദയംകൊണ്ടു വിശ്വസിച്ചു. എങ്കിലും കർത്താവു തോമസിന്റെമേൽ പ്രത്യേകമായി ഊതിയില്ല എന്നുള്ളതും ശ്രദ്ധേയമാണു. എന്തെന്നാൽ കർത്താവു ഊതിയതു കർത്താവിനെ കണ്ടു വിശ്വസിച്ചവർക്കും "കാണാതെ വിശ്വസിക്കുന്നവർക്കും" ഒരിക്കലായി ചരിത്രത്തിൽ സംഭവിച്ചതാകുന്നു.
അങ്ങനെ ക്രിസ്തുശിഷ്യന്മാരുടെ വീണ്ടുംജനനം എന്ന മഹാസംഭവം വാസ്തവമായി ക്രിസ്തുവിന്റെ പുനരുത്ഥാനത്തിനു ശേഷം മാത്രമാണു സാക്ഷാത്കരിച്ചതു. അതുകൊണ്ടു ക്രിസ്തുവിന്റെ മരണ അടക്ക പുനരുത്ഥാനത്തിനു മുമ്പെ ക്രിസ്തുശിഷ്യന്മാർ രക്ഷിക്കപ്പെട്ടിരുന്നുയെന്ന പഠിപ്പിക്കൽ വചന വിരുദ്ധമാണു.

By Mathew Thomas, NZ

No comments:

Post a Comment