Friday, September 6, 2019

"ഒഴിഞ്ഞ കല്ലറെക്കും അപ്പുറത്തു"

  • അങ്ങനെ അവർ വീട്ടിലേക്കു മടങ്ങിപ്പോയി എന്നു യോഹന്നാന്‍ രേഖപ്പെടുത്തിയിരിക്കുന്നു. അവര്‍ കണ്ടതു എന്താണ്?
  • വിശ്വസിച്ചു എന്നു പറയുന്നതു എന്താണു?
  • ശരീരത്തെകുറിച്ചു തുടര്‍ന്നൊരു അന്വേഷണത്തിനു മുതിരാതെ ശിഷ്യന്മാര്‍ എന്തുകൊണ്ടാണു വീട്ടിലേക്കു മടങ്ങിപ്പോയതു?
  • യേശുവിന്റെ ശരീരം എവിടെ?
  • ക്രൂശീകരണ സമയത്തു ക്രൂശിന്നരികെ നില്‍ക്കുവാന്‍ കാണിച്ച ഇവരുടെ ധൈര്യം ആഴ്ചവട്ടത്തിന്റെ ആദ്യ ദിവസമായ ഉയിർപ്പിൻ ദിനത്തിന്റെ അന്നു എവിടെപ്പോയി? 
  • ദൈവം മനുഷ്യനായി ഈ പ്രക്രിയകളിലൂടെ എല്ലാം കടന്നുപോയി, മൂന്നാം നാളില്‍ ശക്തിയോടെ ഉയിർത്തെഴുന്നേറ്റു ദൈവപുത്രന്‍ എന്നു തെളിയിച്ചു. എന്തിനു വേണ്ടി?
  
ഴ്ചവട്ടത്തിന്റെ ഒന്നാം ദിവസം അതിരാവിലെ ഇരുട്ടുള്ളപ്പോൾ തന്നെ
മഗ്ദലക്കാരത്തി മറിയ, ഒരുക്കി വച്ച സുഗന്ധ വര്‍ഗ്ഗങ്ങളുമായി കല്ലറയുടെ വാതുക്കല്‍ എത്തി. സുഗന്ധ വര്‍ഗ്ഗങ്ങള്‍ റബ്ബൂനിയുടെ ഭൗതിക ശരീരത്തില്‍ പൂശണം. പക്ഷെ അവളുടെ പ്രതീക്ഷക്കു വിപരീതമായി കല്ലറവാതുക്കൽ നിന്നു കല്ലു നീങ്ങിയിരിക്കുന്നു. അവൾ ഓടിപ്പോയി പത്രൊസിനെയും യോഹന്നാനെയും കൂട്ടികൊണ്ടുവന്നു. പത്രോസും യോഹന്നാനും വ‌ന്നു അകത്തു കടന്നു, കണ്ടു, വിശ്വസിച്ചു,
 അങ്ങനെ അവർ വീട്ടിലേക്കു മടങ്ങിപ്പോയി എന്നു യോഹന്നാന്‍ രേഖപ്പെടുത്തിയിരിക്കുന്നു. അവര്‍ കണ്ടതു എന്താണ്?
വിശ്വസിച്ചു എന്നു പറയുന്നതു എന്താണു?
ശരീരത്തെകുറിച്ചു തുടര്‍ന്നൊരു അന്വേഷണത്തിനു മുതിരാതെ ശിഷ്യന്മാര്‍ എന്തുകൊണ്ടാണു വീട്ടിലേക്കു മടങ്ങിപ്പോയതു?കല്ലറയുടെ ഉള്ളില്‍ ശീലകള്‍ ഒരിടത്തും തലയില്‍ ചുറ്റിയിരുന്ന റൂമാൽ വേറിട്ടു മറ്റൊരിടത്തും ചുരുട്ടി വച്ചിരിക്കുന്നതാണു അവര്‍ കണ്ടതു. പക്ഷെ യേശുവിന്റെ ശരീരം എവിടെ?
 ഈ വിവരം ലൂക്കോസ് രേഖപ്പെടുത്തിയിരിക്കുന്നതു താരതമ്യപ്പെടുത്തിയാല്‍ ചിത്രം അല്പം കൂടി വ്യക്തമാകും. "എന്നാല്‍ പത്രോസ് എഴുന്നേറ്റു കല്ലറെക്കല്‍ ഓടിച്ചെന്നു കുനിഞ്ഞു നോക്കി, തുണി മാത്രം കണ്ടു, സംഭവിച്ചതെന്തെന്ന് ആശ്ചര്യപ്പെട്ടു മടങ്ങിപ്പോന്നു." അവിടെ സംഭവിച്ചതെന്തെന്നു അറിയാതെ ആശ്ചര്യപ്പെട്ടു പത്രോസ് മടങ്ങിപ്പോയി. അതിനുള്ള കാരണം യോഹന്നാന്‍ ദശാബ്ദങ്ങൾക്കു ശേഷം താന്‍ സുവിശേഷം രചിക്കുമ്പോള്‍ പറയുന്നതു യേശു മരിച്ചവരില്‍ നിന്നു ഉയിർത്തെഴുന്നേല്‍ക്കണ്ടാതാകുന്നു എന്നുള്ള തിരുവെഴുത്തു അവർ "അതുവരെ" അറിഞ്ഞില്ല എന്നാണു. ഇവിടെ "അതുവരെ" എന്നുള്ള പ്രയോഗം വളരെ ശ്രദ്ധേയവും പ്രസക്തവും ആണു. സത്യത്തില്‍ യേശു ഉയിർത്തെഴുന്നേറ്റതുകൊണ്ടാണു അവന്റെ ശരീരം കല്ലറയില്‍ നിന്നു അപ്രത്യക്ഷമായതു. തിരുവെഴുത്തില്‍ പറഞ്ഞിരിക്കുന്നതു എന്തെന്നു അറിയാതെ, അതു വിശ്വസിക്കാതെ അവര്‍ വീട്ടിലേക്കു മടങ്ങിപ്പോയി. യേശുവിന്റെ ഉയിര്‍പ്പിനെ സംബന്ധിച്ചു അവർക്കു യാതൊരു ഗ്രാഹ്യവും ഇല്ലാതെപോയി.
ക്ലയോപ്പാവിന്റെ എമ്മവുസ്സിലെക്കുള്ള യാത്രാവിവരണത്തിൽ ലൂക്കോസ് ഈ ചിന്തയെ കൂടുതൽ വ്യക്തമായി സ്ഥിരീകരിച്ചിട്ടുണ്ടു. യേശുവിന്റെ ശരീരം കല്ലറയില്‍ ഇല്ലന്നുള്ള വസ്തുത മനസ്സിലാക്കിയ ശിഷ്യന്മാര്‍ ഭയവിഹ്വലരായി കല്ലറ വിട്ടു വീട്ടിലേക്കു മടങ്ങിപ്പോയി. "ആഴ്ചവട്ടത്തിന്റെ ഒന്നാം നാള്‍ ആയ ആ ദിവസം, നേരം വൈകിയപ്പോള്‍ ശിഷ്യന്മാര്‍ യെഹൂദന്മാരെ പേടിച്ചു വാതില്‍ അടച്ചിരിക്കെ...." എന്നു യോഹന്നാന്‍ വീണ്ടും പറയുന്നു. പേടിച്ചു വാതില്‍ അടച്ചു ഒരു മുറിയില്‍ ഒന്നിച്ചു കൂടണമെങ്കില്‍ അന്നേ ദിവസം അവരെ ഭരിച്ച ഭയത്തിന്റെ തീവ്രത അതിശക്തമാണു.
 ക്രൂശീകരണ സമയത്തു ക്രൂശിന്നരികെ നില്‍ക്കുവാന്‍ കാണിച്ച ഇവരുടെ ധൈര്യം ആഴ്ചവട്ടത്തിന്റെ ആദ്യ ദിവസമായ ഉയിർപ്പിൻ ദിനത്തിന്റെ അന്നു എവിടെപ്പോയി? വളരെ പ്രസക്തമായ ഒരു ചോദ്യമാണിതു. ക്രൂശീകരണ സംഭവത്തിന്റെ പശ്ചാത്തല ചരിത്രം പഠിച്ചാല്‍ ഇതിനുള്ള മറുപടി കിട്ടും. മത്തായി അതെക്കുറിച്ചു പറയുന്നതു ഇങ്ങനെയാണു: ഒരുക്കനാളിന്റെ പിറ്റെ ദിവസം മഹാപുരോഹിതന്മാരും പരീശന്മാരും പീലാത്തോസിന്റെ അടുക്കല്‍ ചെന്നു യജമാനനേ, ആ ചതിയന്‍ ജീവനോടിരിക്കുമ്പോള്‍ മൂന്നുനാള്‍ കഴിഞ്ഞിട്ടു ഉയിർത്തെഴുന്നേൽക്കും എന്നു പറഞ്ഞിരിക്കുന്നതിനാല്‍ അവന്റെ ശിഷ്യന്മാര്‍ അവനെ മോഷ്ടിച്ചിട്ടു അവന്‍ മരിച്ചവരുടെ ഇടയില്‍ നിന്നു ഉയിർത്തെഴുന്നേറ്റു എന്നു ജനത്തോടു പറയും എന്നു പറഞ്ഞു. ഈ ആരോപണം യുക്തിസഹമാണെന്നു തോന്നിയ പീലാത്തോസ് കല്ലറയുടെ വാതിലിനു മുദ്ര വെച്ചു, കാവലിനു പടയാളികളെയും നിറുത്തി. കല്ലറ ഉറപ്പാക്കി. ശിഷ്യന്മാരുടെമേല്‍ യെഹൂദന്മാര്‍ ചുമത്തിയ ആരോപണം ശരിയായി വന്നു എന്നു തോന്നുമാറു ഉയിര്‍പ്പിന്‍ പ്രഭാതത്തില്‍ റോമന്‍ മുദ്രയെ ഭേദിച്ചുകൊണ്ടു കല്ലറ തുറന്നു കിടക്കുന്നു. യേശുവിന്റെ ശരീരവും കാണാനില്ല. ശിഷ്യന്മാര്‍ ഭ്രമിച്ചുപോകുവാന്‍ ഇതില്‍പരം മറ്റൊരു കാരണം വേണോ? യെഹൂദന്മാര്‍ തങ്ങളുടെമേല്‍ ആരോപിച്ച കുറ്റം ഇതാ തെളിവുകള്‍ സഹിതം ഇവിടെ സംഭവിച്ചിരിക്കുന്നു. അതിരാവിലെ കല്ലറക്കല്‍ എത്തിയ സ്ത്രീകള്‍ക്ക് ഭ്രമവും വിറയലും പിടിച്ചു, അവര്‍ കല്ലറ വിട്ടു ഓടിപ്പോയി എന്നാണു മര്‍ക്കോസ് അതെക്കുറിച്ചു എഴുതിയിരിക്കുന്നതു. ഉയിർത്തെഴുന്നേറ്റ ക്രിസ്തുവിനെ മരണത്തിനും കല്ലറക്കും അതീതമായി കാണുവാനുള്ള കാഴ്ചപ്പാടു ശിഷ്യന്മാർക്കു ഉണ്ടായില്ല. എന്നാല്‍ മഗ്ദലക്കാരത്തി മറിയ വീട്ടിലേക്കു മടങ്ങിപ്പോകാതെ കരഞ്ഞുകൊണ്ടു‌ കല്ലറയുടെ വാതുക്കല്‍ തന്നെ നിലയുറപ്പിച്ചു. കരയുന്നതിനിടയില്‍ അവള്‍ കല്ലറയുടെ ഉള്ളിലേക്കു കുനിഞ്ഞു നോക്കി. ആ നോട്ടം അവളുടെ ധാരണകളെ തകിടം മറിച്ചു. അവളുടെ ഉൾക്കാഴ്ചക്കു വ്യത്യാസം വന്നു. മൂന്നര സംവത്സരത്തോളം അനുഗമിച്ച ശേഷം ക്രിസ്തുവിനെ, സാക്ഷാല്‍ ആത്മാവാകുന്ന കര്‍ത്താവിനെ ആത്മരൂപത്തില്‍ തന്നെ ദര്‍ശിക്കുവാന്‍ അവള്‍ക്കു കഴിഞ്ഞു. ഉയിർത്തെഴുന്നേറ്റവനായ ക്രിസ്തു മറുരൂപിയായി അവളുടെ മുന്‍പില്‍ പ്രത്യക്ഷപ്പെട്ടു. ശിഷ്യഗണത്തില്‍ പെട്ട ആര്‍ക്കും ലഭിക്കാതെ പോയ ഒരു സുപ്രധാന ദൗത്യം വഹിക്കുവാനുള്ള ആദ്യ നിയോഗവും അവള്‍ക്കുണ്ടായി. "നീ എന്റെ സഹോദരന്മാരുടെ അടുക്കല്‍ചെന്നു: എന്റെ പിതാവും നിങ്ങളുടെ പിതാവും എന്റെ ദൈവവും നിങ്ങളുടെ ദൈവവും ആയവന്റെ അടുക്കല്‍ ഞാന്‍ കയറിപ്പോകുന്നു എന്നു അവരോടു പറക എന്നു പറഞ്ഞു." കര്‍ത്താവിന്റെ ഈ വാക്കുകള്‍ പുനരുത്ഥാനത്തിന്റെ അതിമഹത്തായ സന്ദേശമാണു വിളിച്ചറിയിക്കുന്നതു. "എന്റെ സഹോദരന്മാര്‍" എന്നുവെച്ചാല്‍ പുനരുത്ഥാനന്തരം കര്‍ത്താവും അവന്റെ ശിഷ്യന്മാരും ഒരേയൊരു പിതാവിന്റെ മക്കള്‍ ആയിത്തീര്‍ന്നു എന്ന പ്രഖ്യാപനം ആണുണ്ടായതു. എബ്രായ ലേഖന കര്‍ത്താവു പറയുന്നതു "അതുകൊണ്ടു അവന്‍ അവരെ സഹോദരന്മാര്‍ എന്നു വിളിക്കുവാൻ ലജ്ജിച്ചില്ല" എന്നാകുന്നു. ക്രിസ്തുവിന്റെ പുനരുത്ഥാനത്താല്‍ നാം ഏക പിതാവിന്റെ മക്കളും ക്രിസ്തുവിന്റെ സഹോദരന്മാരും ആയിത്തീര്‍ന്നു. ദൈവത്തിന്റെ ഏകാജാതനായിരുന്നവന്‍ പുനരുത്ഥാനത്തോടുകൂടി വീണ്ടും "ജനിപ്പിക്ക"പ്പെട്ടവനായി ദൈവത്തിന്റെ ആദ്യജാതനായിത്തീര്‍ന്നു. ക്രിസ്തുവിന്റെ പുനരുത്ഥാനത്തെ മുന്‍കൂട്ടി കണ്ടുകൊണ്ടു "നീ എന്റെ പുത്രന്‍; ഇന്നു ഞാന്‍ നിന്നെ ജനിപ്പിച്ചിരിക്കുന്നു" എന്നു ദാവീദു പറയുന്നു. ഏകജാതനായിരുന്നവന്‍ പുനരുത്ഥാനത്താല്‍ ദൈവത്തിന്റെ ആദ്യ ജാതനായി. ഈ ആദ്യസഹോദരന്റെ അഥവാ ജേഷ്ഠ സഹോദരന്റെ സഹോദരന്മാരായി നാമെല്ലാവരും ആയിത്തീര്‍ന്നു. ഇദംപ്രഥമമായി ഭൂമിയില്‍ ഈ വിളംബരം അറിയിക്കുവാന്‍ നിയോഗിക്കപ്പെട്ട പ്രഥമ വ്യക്തി എന്ന നിലയിലേക്കു മഗ്ദലക്കാരത്തി മറിയ ഉയര്‍ത്തപ്പെട്ടു. ഈ വിളംബരം അവള്‍ ശേഷമുള്ള ശിഷ്യന്മാർക്കു കൈമാറി. ശിഷ്യന്മാര്‍ അതു ശിഷ്യന്മാർക്കു കൈമാറി. പിന്നീടു പൌലോസ് പറയുന്നതു ശ്രദ്ധിക്കുക "ക്രിസ്തു ഉയിർത്തെഴുന്നേറ്റിട്ടില്ലെങ്കില്‍ ഞങ്ങളുടെ പ്രസംഗം വ്യര്‍ത്ഥം; നിങ്ങളുടെ വിശ്വാസവും വ്യര്‍ത്ഥം." ലോകത്തില്‍ ഇന്നു ക്രിസ്തുവിനെ കുറിച്ചുള്ള കാഴ്ചപ്പാടുകള്‍ പലവിധത്തിലാണുള്ളതു. ഗാന്ധിയന്മാർക്കു ക്രിസ്തു ഒരു നല്ല മനുഷ്യനാണു.ക്രിസ്തു ഒരു വിപ്ലവ നേതാവാണെന്നു കേരളത്തിലെ കമ്മ്യുണിസ്റ്റുകാര്‍ പറയുന്നു. ഈ അവസരോചിത അഭിപ്രായത്തോടു യോജിക്കുന്ന ക്രൈസ്തവ നേതാക്കന്മാര്‍പോലും ഉണ്ടു. കത്തോലിക്കാമതത്തിനു യേശു ക്രൂശില്‍ തൂങ്ങി കിടക്കുന്ന ദൈവം ആണൂ. ചില പെന്തക്കോസ്തുകാർക്കുപോലും ക്രൂശിൽ കിടന്നു കഷ്ടത അനുഭവിക്കുന്ന കര്‍ത്താവിനെയാണു ഇഷ്ടം. ആണ്ടറുതിയുടെ അർദ്ധരാത്രിയിൽ പെന്തക്കോസ്തുകാർക്കു അത്യന്തം അനിവാര്യമായിരിക്കുന്ന "തിരുവത്താഴ ശുശ്രൂഷ"യിൽ കാർമ്മികനായ പാസ്റ്റർ എഴുന്നേറ്റുനിന്നു ക്രൂശിൽ കിടക്കുന്ന ക്രിസ്തുവിനെ വർണ്ണിക്കുമ്പോൾ നിഷ്കളങ്കരായ ഭക്തജനങ്ങൾ ദുഃഖാർത്തരായി കണ്ണീരൊഴുക്കികൊണ്ടു അതിൽ പങ്കെടുക്കുന്നതു ഈയുള്ളവൻ കണ്ടിട്ടുണ്ടു.
വിശ്വവിശ്രുതനായ മറ്റൊരു പെന്തക്കോസ്തു പാസ്റ്റർ അടുത്തകാലത്തു ക്രൂശിത വിഗ്രഹത്തിനു ശക്തിയുണ്ടെന്നു പറഞ്ഞുവെച്ചതും അതു സമൂഹ മാധ്യമങ്ങൾ ആഘോഷിച്ചതും യൂട്യൂബിൽ ഇന്നും മായാതെ കിടക്കുന്നു. ക്രിസ്ത്യാനികളില്‍ മറ്റു ചിലര്‍ കല്ലറ കണ്ടു ഭ്രമവും വിറയലും പിടിച്ചു മടങ്ങിപ്പോയ ശിഷ്യന്മാരെപ്പോലെ വല്ലാത്ത ഒരുതരം ഭയ ഭക്തിയില്‍ ജീവിക്കുന്നു. എന്നാല്‍ കല്ലറക്കും അപ്പുറത്തുള്ള ക്രിസ്തുവിനെയാണു നമുക്കു ആവശ്യമായിരിക്കുന്നതു.
നമ്മുടെ ആത്മാവില്‍, ആത്മാവാകുന്ന കര്‍ത്താവിന്റെ പ്രത്യക്ഷത ഉണ്ടാകണം. പൌലോസ് പറയുന്നു " അനന്തരം അവന്‍ യാക്കോബിനും പിന്നെ അപ്പൊസ്തലന്മാര്‍ക്കും ഒടുവില്‍ അകാലപ്രജപോലെയുള്ള എനിക്കും പ്രത്യക്ഷനായി." ദൈവം മനുഷ്യനായി അവതരിച്ചതും മുപ്പത്തിമൂന്നര കൊല്ലം മനുഷ്യനായി ജീവിച്ചതും ഒടുവില്‍ ക്രൂശിന്മേല്‍ മരിച്ചതും അടക്കപ്പെട്ടതും എല്ലാം ആത്യന്തികമായി ഒരേയൊരു ലക്ഷ്യത്തിനുവേണ്ടിയാണു. ദൈവം മനുഷ്യനായി ഈ പ്രക്രിയകളിലൂടെ എല്ലാം കടന്നുപോയി, മൂന്നാം നാളില്‍ ശക്തിയോടെ ഉയിർത്തെഴുന്നേറ്റു ദൈവപുത്രന്‍ എന്നു തെളിയിച്ചു. 
എന്തിനു വേണ്ടി?
നമ്മുടെ ഉള്ളിന്റെ ഉള്ളില്‍ ഒരു ജീവനുള്ള പുതുവഴി തുറക്കുവാന്‍, ജീവന്റെ ആത്മാവായി അങ്ങനെ മനുഷ്യന്റെ ആത്മാവില്‍ വാസം ചെയ്യുവാന്‍ പുനരുത്ഥാനത്തിലൂടെ കര്‍ത്താവു ആത്മാവായി. "ഒന്നാം മനുഷ്യനായ ആദാം ജീവനുള്ള ദേഹിയായിത്തീര്‍ന്നു എന്നു എഴുതിയിരിക്കുന്നുവല്ലോ; ഒടുക്കത്തെ ആദാം ജീവിപ്പിക്കുന്ന ആത്മാവായി".MT

No comments:

Post a Comment